എട്ട് വർഷമായി കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് ഗാന്ധിജിയും പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയെ വാര്‍ത്തെടുക്കാൻ: പ്രധാനമന്ത്രി

single-img
28 May 2022

മഹാത്മാ ഗാന്ധിയും സര്‍ദാര്‍ വല്ലഭഭായി പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയെ നിര്‍മിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവസാന എട്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലെ പാവപ്പെട്ടവര്‍, ദളിതുകള്‍, ഇരകള്‍, ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളെ ശാക്തീകരിച്ച്; വൃത്തിയും ആരോഗ്യവും ജീവിതത്തിന്റെ ഭാഗമായി മാറ്റി,

തികച്ചും തദ്ദേശീയമായ രീതിയിലൂടെ അവര്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാന്‍ പ്രാപ്തമാക്കുക എന്നതായിരുന്നു ഗാന്ധിയുടെ ലക്ഷ്യം, അതിനായി സർക്കാർ ശ്രമം തുടരുന്നതായും ഗുജറാത്തില്‍ മെഗാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

പാവപ്പെട്ട ജനങ്ങളുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുവെന്ന് രാജ്യം കണ്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ഇതോടൊപ്പം തന്നെ ഇന്ത്യയിലെ ഒരു വ്യക്തി പോലും ലജ്ജിച്ചു തല താഴ്ത്താനുതകുന്ന തരം പ്രവൃത്തി താന്‍ അനുവദിക്കുകയോ വ്യക്തിപരമായി ചെയ്യുകയോ ചെയ്തിട്ടില്ലെന്നും മോദി അവകാശപ്പെട്ടു.