വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അധിക്ഷേപിക്കരുത്; ലൈം​ഗീക തൊഴിലാളികൾക്കെതിരെ ക്രിമിനൽ നടപടികൾ പാടില്ല; കേന്ദ്ര സർക്കാർ നിലപാട് തേടി സുപ്രീംകോടതി

single-img
26 May 2022

രാജ്യത്തെ ലൈംഗിക തൊഴിലാളികൾക്കെതിരായി ക്രിമിനൽ നടപടികൾ പാടില്ല എന്നതുൾപ്പെടെയുള്ള സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നാല് ശുപാർശകളിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. ലൈെംഗിക തൊഴിലാളികളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

അതേപോലെ തന്നെ ലൈംഗികതൊഴിലാളികൾക്ക് ആധാർ കാർഡ് അനുവദിക്കാനും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. പീഡനക്കേസുകളിൽ അതീജീവതയ്ക്ക് നൽകുന്ന പരിഗണന ലൈംഗിക തൊഴിലാളികൾക്ക് നൽകണം.

ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാനനിർദ്ദേശങ്ങൾ ഇവയാണ്:

മാന്യതയും അന്തസ്സും സംരക്ഷിക്കാനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്കുണ്ട്. പൊലീസ് ഇവരോട് മാന്യമായി പെരുമാറണം. വാക്കുകൊണ്ടോ പ്രവർത്തിക്കൊണ്ടോ ഇവരെ അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കണം. ലൈംഗിക തൊഴിലാളികളുടെ മോചനവാർത്തയും റെയിഡും സംബന്ധിച്ചുള്ള വാർത്തകളിൽ ഇവരെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ നൽകരുത്. ഇതു സംബന്ധിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.

താമസരേഖയില്ലാത്ത കാരണങ്ങളാൽ ലെൈംഗിക തൊഴിലാളികൾക്ക് ആധാർ കാർഡ് നിഷേധിക്കാനാകില്ലെന്നും ഇവർക്ക് ആധാർ കാർഡ് നൽകാനും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിട്ടുണ്ട് .

അതേസമയം ലൈംഗികത്തൊഴിലാളികൾക്കെതിരെ ക്രമിനൽ നടപടി സ്വീകരിക്കരുത്, ലൈംഗിക തൊഴിലിനെ ഒരു തൊഴിലായി കണക്കാകണം എന്നതടക്കം സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നാല് ശുപാർശകളിൽ കേന്ദ്രത്തിന്റെ അഭിപ്രായം സുപ്രീം കോടതി തേടിയിട്ടുണ്ട്. വേശ്യാലയങ്ങൾ നിയമവിരുദ്ധമെങ്കിലും റെയ്ഡിൽ ലൈംഗിക തൊഴിലാളികളെ അറസ്റ്റു ചെയ്യരുതെന്ന ശുപാർശയുമുണ്ട്.