പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ നയിക്കുന്ന ‘ആസാദി മാർച്ചി’ൽ സംഘർഷം; ജനക്കൂട്ടം മെട്രോ സ്റ്റേഷൻ കത്തിച്ചു; സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രി

single-img
26 May 2022

പാകിസ്ഥാനിൽ മന്ത്രിസഭയെ പിരിച്ചുവിട്ടുകൊണ്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നയിക്കുന്ന ‘ആസാദി മാർച്ചി’ൽ വ്യാപകമായ സംഘർഷം. രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിഷേധ മാർച്ച് നടത്താമെന്ന് പാക് സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയ പിന്നാലെയാണു പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതാവ് ഇമ്രാൻ ഖാൻ നയിക്കുന്ന മാർച്ച് ഇസ്‌ലാമബാദിലേക്കെത്തിയത്.

ഇതോടുകൂടി നഗരത്തിൽ രാത്രിയിൽ വൻ ഗതാഗത തടസമുണ്ടായി. എച്ച്-9 സെക്ടറിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു സുപ്രീം കോടതി അനുമതി നൽകിയതെങ്കിലും ഡി-ചൗക്കിൽ ഒത്തുചേരാൻ ഇമ്രാൻ ഖാൻ അനുയായികൾക്ക് നിർദേശം നൽകുകയായിരുന്നു. അതേസമയം, വാൻ ജനക്കൂട്ടം അണിനിരന്ന മാർച്ച് ഇസ്‌ലാമാബാദിലേക്കു കടക്കുന്നതിന് മുൻപ് പഞ്ചാബ്, ലാഹോർ, കറാച്ചി എന്നിവിടങ്ങളിൽ പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

ഇതിനിടയിൽ ലാഹോറിലെ ലിബർട്ടി ചൗക്കിൽ ഇമ്രാൻ ഖാനെ പിന്തുണച്ചെത്തിയ ജനക്കൂട്ടത്തിനു നേരേ പൊലീസ് പ്രകോപനമില്ലാതെ വെടിയുതിർത്തതായി പിടിഐ ആരോപിച്ചു. വ്യാപകമായ ആക്രമണങ്ങളിൽ ഇമ്രാൻ ഖാന്റെ അനുയായികൾ ഒരു മെട്രോ സ്റ്റേഷൻ കത്തിച്ചു. രാജ്യത്തെ മറ്റ് നഗരങ്ങളിലും സമാനമായ രീതിയിൽ അക്രമങ്ങൾ നടത്തി. പ്രതിഷേധക്കാർ തെരുവുകളിൽ മരങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടതായി പാകിസ്ഥാൻ പൊലീസ് അറിയിച്ചു.

ഒടുവിൽ പാകിസ്ഥാൻ സുപ്രീം കോടതി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളും സർക്കാർ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരിയിലെ ‘റെഡ് സോൺ’സംരക്ഷിക്കുന്നതിനും രാജ്യത്ത് ക്രമസമാധനം ഉറപ്പ് വരുത്തുന്നതിനുമായി ഇസ്‌ലാമബാദിൽ സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.