മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകി; മതവികാരങ്ങൾ ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടു; പോലീസ് റിമാൻഡ് റിപ്പോർട്ട്

single-img
26 May 2022

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് . മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നൽകിയതായും മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു എന്നും റിമാന്‍റ് റിപ്പോര്‍ട്ട് പറയുന്നു.

ഈ ലക്ഷ്യത്തിലേക്ക് കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. ഇതോടൊപ്പം മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചുവന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പറയുന്നു. പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ നിലവില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്. അതേസമയം, മാർച്ചിൽ മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്നാണ് വിവരം. ഈ കുട്ടിയെ കണ്ടെത്താനായി പൊലീസ് സ്ഥലത്തെത്തി.