രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല; പ്രധാനമന്ത്രി രാജ്യത്തെ സംരക്ഷിക്കണം: രാഹുൽ ഗാന്ധി

single-img
20 May 2022

ചൈനയുമായി ഇന്ത്യ അതിർത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലെ പാംഗോങ് സോ തടാകത്തില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മ്മിക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച കാണിക്കാന്‍ പാടില്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

ചൈന നടത്തിണ്ണ പാലത്തിന്റെ നിർമ്മാണം തങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിന്റെ പ്രതികരണം. ചൈന നേരത്തെ പാംഗോങ് തടാകത്തില്‍ ആദ്യത്തെ പാലം നിര്‍മ്മിച്ചപ്പോള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ് എന്നാണ് കേന്ദ്രം പ്രതികരിച്ചത്.

നാളുകൾക്ക് ശേഷം രണ്ടാമത് പാലം നിര്‍മ്മിക്കുമ്പോഴും സ്ഥിതഗതികള്‍ നിരീക്ഷിക്കുകയാണെന്നാണ് കേന്ദ്രം പറയുന്നതെന്നും രാഹുൽ ട്വിറ്ററില്‍ എഴുതി. ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച പാടില്ല. ഭീരുത്വ, ശാന്ത പ്രതികരണം മതിയാവില്ല, പ്രധാനമന്ത്രി രാജ്യത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.