വിമര്‍ശിച്ചതിന്റ പേരില്‍ മാപ്പു പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യം അംഗീകരിക്കില്ല: മന്ത്രി എംവി ഗോവിന്ദൻ

single-img
17 May 2022

ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും കേരളത്തിലെ ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റർ . കേരളത്തില്‍ ഒരു മത നിരപേക്ഷ ബദല്‍ ഉള്ളതിനാൽ മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ നീക്കം ഇവിടെ വിലപ്പോകില്ലെന്നും കേരളത്തില്‍ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേപോലെതന്നെ വിമര്‍ശിച്ചതിന്റ പേരില്‍ മാപ്പു പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാരിന് സ്വന്തമായി നിലപാടുണ്ട്. ആരെങ്കിലും പറഞ്ഞത് കൊണ്ട് അത് മാറ്റാനാകില്ല. കമ്പനിയെയോ വ്യക്തിയെയോ നോക്കിയല്ല വ്യവസായ വകുപ്പ് നിലപാട് എടുക്കുന്നതെന്നും കിറ്റക്‌സിനോട് പകപോക്കലില്ലെന്നും മന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ആം ആദ്മിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകള്‍ പൂര്‍ണമായി എല്‍ഡിഎഫിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നു പറഞ്ഞ അദ്ദേഹം, അവര്‍ക്ക് എവിടെ നിന്നാണോ കഴിഞ്ഞ തവണ വോട്ടുകള്‍ ലഭിച്ചത് അവിടേക്ക് തന്നെ അത് തിരിച്ചു പോകുമെന്നും അഭിപ്രായപ്പെട്ടു.

ഇടതുമുന്നണി ആരുടെയും വോട്ടുകള്‍ വേണ്ടെന്ന് പറയുന്നില്ല. കേരള രാഷ്ട്രീയത്തെ സാങ്കേതികമായി ബാധിക്കുന്ന തിരഞ്ഞെടുപ്പ് ഫലമല്ല തൃക്കാക്കരയിലേത്. എല്‍.ഡി.എഫിന് രാഷ്ട്രീയ നഷ്ടമുണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന് അതിന്റേതായ മാതൃകയുണ്ട്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ ബോധം, ഇടത് ആഭിമുഖ്യം അടക്കമുള്ളവ വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഭരണം പിടിച്ചവര്‍ക്ക് പോലും കേരളം പിടിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.