ചിന്തൻ ശിബിറിലെ നിർദ്ദേശം അംഗീകരിക്കുന്ന ആദ്യ വ്യക്തി; ടി എൻ പ്രതാപൻ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

single-img
16 May 2022

കോൺഗ്രസ് പാർട്ടിയുടെ ഉദയ്‌പുർ ചിന്തൻ ശിബിറിലെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ടി എൻ പ്രതാപൻ എംപി അഖിലേന്ത്യാ മത്സ്യത്തൊഴിലാളി അധ്യക്ഷ സ്ഥാനം രാജിവെച്ചു. കോൺഗ്രസ് പാർട്ടിയിലോ പോഷക സംഘടനകളിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കൂടുതൽ ഒരേ പദവിയിൽ ഒരാൾ തുടരാൻ പാടില്ല എന്നതായിരുന്നു ശിബിറിലെ പ്രഖ്യാപനത്തിലെ സംഘടനാപരമായ ഒരു വ്യവസ്ഥ.

കോൺഗ്രസ് പാർട്ടി 2017ലാണ് മത്സ്യത്തൊഴിലാളി കോൺഗ്രസ് എന്ന സംഘടനക്ക് രൂപം നൽകുന്നത്. ഇതിന്‍റെ പ്രഥമ ചെയർമാനായി ടി എൻ പ്രതാപനെ തിരഞ്ഞെടുക്കുകയായിരുന്നു. 2017മുതൽ 2022 വരെയുള്ള അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാകുന്നതോടെയാണ് ടി എൻ പ്രതാപൻ എംപിയുടെ രാജി.

ചിന്തൻ ശിബിറിലെ പ്രഖ്യാപനത്തിന് ശേഷം ദേശീയ തലത്തിലെ ആദ്യ രാജിയാണ് കേരളത്തിൽ നിന്നുള്ള ടിഎൻ പ്രതാപൻ എംപിയുടേത്. ഇദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന് വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.