തോമസ് കപ്പ് ബാഡ്മിന്റണിലെ ചരിത്രകിരീടം; ഇന്ത്യന്‍ ടീമിന് കേന്ദ്രം നൽകുന്നത് ഒരു കോടി രൂപ പാരിതോഷികം

single-img
15 May 2022

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ആദ്യമായി കിരീടം. ഇതുവരെ 14 ‍‍വട്ടം ചാമ്പ്യന്മാരായ ഇന്തൊനീഷ്യയെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പിച്ചത്. ടൂർണമെന്റിൽ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ടീമിന് കേന്ദ്രസര്‍ക്കാരിന്റെ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

മലയാളിതാരമായ എച്ച് എസ് പ്രണോയിയുടെ മികവില്‍കൂടിയാണ് ഇന്ത്യയുടെ കിരീടനേട്ടമെന്നത് മലയാളികൾക്കും അഭിമാനമാണ്. ശക്തമായ പോരാട്ടത്തിൽ ഇന്തൊനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ കിഡമ്പി ശ്രീകാന്ത് മറികടന്നപ്പോൾ ബാങ്കോക്കിലെ ഇംപാക്ട് അരീനയിൽ പിറന്നത് ലോക ബാഡ്മിന്റണിലെ ഇന്ത്യൻ ചരിത്രമായിരുന്നു.

73 വർഷത്തെ തോമസ് കപ്പ് ചരിത്രത്തിലാദ്യമായി കന്നി കിരീടം നേടിയ ഇന്ത്യൻ ടീമിന് എച്ച്.എസ് പ്രണോയിയാണ് ജൈത്രയാത്രയ്ക്ക് കുതിപ്പേകിയത്. മുഖ്യ പരിശീലകനും മലയാളി കൂടിയായ യു വിമൽ കുമാറിന്റെ പ്രചോദനവും ചരിത്ര കിരീട നേട്ടത്തിന് തുണയായി. സ്വര്‍ണം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തുവന്നിരുന്നു. ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണെന്നും ഇനിയും വിജയങ്ങള്‍ ആവര്‍ത്തിക്കപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിരവധി കായിക താരങ്ങള്‍ക്ക് വലിയ പ്രചോദനമാണ് ഈ തിളക്കമാര്‍ന്ന വിജയമെന്നും മോദി കൂട്ടിച്ചേര്‍ത്തു.