എണ്‍പത് കോടി രൂപ വില വരുന്ന അരിയും അവശ്യ വസ്തുക്കളും; ശ്രീലങ്കന്‍ ജനതയ്ക്ക് സഹായവുമായി തമിഴ്‌നാട്

single-img
15 May 2022

സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവും രൂക്ഷമായ ശ്രീലങ്കയിലെ ജനതയ്ക്ക് തമിഴ്‌നാടിന്റെ സഹായ കിറ്റുകള്‍ ഒരുങ്ങുന്നു. എണ്‍പത് കോടിയോളം രൂപ വില വരുന്ന അരിയും മറ്റ് അവശ്യ വസ്തുക്കളുമാണ് ദ്വീപ് ജനതയ്ക്ക് നല്‍കാനായി തമിഴ്‌നാട്ടില്‍ നിന്ന് സംഭരിച്ചത്.

ഏകദേശം നാല്‍പ്പതിനായിരം ടണ്‍ അരി, 500 ടണ്‍ പാല്‍പ്പൊടി, 30 ടണ്‍ ജീവന്‍ രക്ഷാ മരുന്നുകള്‍, പയറു വര്‍ഗങ്ങള്‍ മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തിൽ അയക്കുന്നത്. ശേഖരിച്ച വസ്തുക്കൾ ചെറിയ കിറ്റുകളിലാക്കുന്ന ജോലി ഇപ്പോള്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കയിലേക്കുള്ള കടത്തുകൂലി ഉള്‍പ്പെടെ 134 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

നിലവിൽ സാമ്പത്തിക പ്രതിസന്ധി കാരണം സാമൂഹിക അരാജകത്വത്തിലേക്കെത്തിയ ശ്രീലങ്കയില്‍ ഒരു കിലോഗ്രാം അരിയുടെ വില 450 ശ്രീലങ്കന്‍ രൂപ (128 ഇന്ത്യന്‍ രൂപ) വരെയാണ്. യുദ്ധകാല സമാനമായ ഈ അടിയന്തര സാഹചര്യം പരിഗണിച്ചാണ് ശ്രീലങ്കയിലേക്ക്ക്ക് ഭക്ഷണവും മരുന്നും കയറ്റി അയക്കാന്‍ തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയത്. ഏപ്രിലിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നുഇപ്പോൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതോടെയാണ് സഹായമെത്തിക്കാനുള്ള നടപടികള്‍ തമിഴ്‌നാട് സർക്കാർ വേഗത്തില്‍ ആക്കിയത്.