തൃക്കാക്കരയില്‍ പാര്‍ട്ടിയുടെ വോട്ടാണ് മുഖ്യമന്ത്രി ആദ്യം ഉറപ്പിച്ച് നിര്‍ത്തേണ്ടത്: വിഡി സതീശൻ

single-img
15 May 2022

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണത്തിനായി മണ്ഡലത്തില്‍ ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃക്കാക്കരയില്‍ ഇടതു മന്ത്രിമാര്‍ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകള്‍ മാത്രം കയറിയിറങ്ങി വോട്ട് തേടുന്നത് മതേതര കേരളത്തിന് അപമാനമാണ്. എന്നിട്ടും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും വി ഡി സതീശന്‍ പറയുന്നു. സാധാരണഗതിയിൽ എല്ലാ മുഖ്യമന്ത്രിമാരും എവിടെയും ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലത്തില്‍ എത്താറുണ്ട്. എന്നാൽ ഇവിടെ തൃക്കാക്കരയില്‍ പാര്‍ട്ടിയുടെ വോട്ടാണ് മുഖ്യമന്ത്രി ആദ്യം ഉറപ്പിച്ച് നിര്‍ത്തേണ്ടത്.

സിപിഎമ്മിലെ നേതാക്കള്‍ തമ്മിലടിച്ചതിന്റെ ഭാഗമായി മറ്റൊരു സ്ഥാനാര്‍ഥിയെ നൂലില്‍കെട്ടിയിറക്കിയതിന്റെ പരിഭവത്തില്‍ പാര്‍ട്ടി വോട്ടുകള്‍ പോകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. പാർട്ടിയുടെ ഉറച്ച വോട്ടുകള്‍ പിടിച്ച് നിര്‍ത്താനും ഭരണസ്വാധീനം ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പുതുതായി 6500 വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷകളില്‍ നിന്നും ആകെ 3600 വോട്ടുകള്‍ മാത്രമാണ് ചേര്‍ക്കപ്പെട്ടത്. യുഡിഎഫ് നല്‍കിയ അയ്യായിരത്തോളം അപേക്ഷകളാണ് ഒഴിവാക്കിയത്. ഒഴിവാക്കിയ വോട്ടുകള്‍ ചേര്‍ക്കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ തയാറാകണം.

വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥയെയാണ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമപരമായ നടപടി എടുത്തില്ലെങ്കില്‍ യു ഡിഎഫ് നിയമനടപടികള്‍ സ്വീകരിക്കും. 1999- 2000 കാലഘട്ടത്തിന് ശേഷം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പ് കുത്തുകയാണ്. ആറ് വര്‍ഷക്കാലത്തെ ഇടത് സര്‍ക്കാരിന്റെ ബാക്കിപത്രമാണ് ഈ സാമ്പത്തിക പ്രതിസന്ധി. വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ച് ട്രഷറി നിരോധനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം കൊടുക്കാന്‍ പോലും കഴിയുന്നില്ല.

അവിടെ മാനേജ്മെന്റ് കൊടുക്കട്ടേയെന്നാണ് മന്ത്രി പറയുന്നത്. കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. ഇതു തന്നെയാണ് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും അവസ്ഥ. വൈദ്യുതി ബോര്‍ഡും വാട്ടര്‍ അതോറിട്ടിയും ഉള്‍പ്പെടെ സാധാരണക്കാരുമായി നേരിട്ട് ബന്ധമുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഇത്രയും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് എങ്ങനെയാണ് വരുത്തിവച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. നിലവിലുള്ള സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സതീശൻ ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.