ഹിന്ദുമതവിശ്വാസികളെ ബലം പ്രയോഗിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റുന്നു: ശ്രീരാമ സേന

single-img
14 May 2022

ഉത്തരേന്ത്യയിൽ നടപ്പാക്കി വിജയിച്ച ബുള്‍ഡോസിങ്ങ് കര്‍ണാടകയിലും വേണമെന്ന ആവശ്യവുമായി ശ്രീരാമ സേന. സംസ്ഥാനത്തെ ‘അനധികൃത’ ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കണമെന്ന വാദമുയര്‍ത്തി ഹിന്ദുത്വ വലതുപക്ഷ സംഘടനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്തെത്തി.

ആയിരക്കണക്കിന് ഹിന്ദുമതവിശ്വാസികളെ ബലം പ്രയോഗിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റുകയാണെന്ന് പ്രമോദ് മുത്തലിക് ആരോപിച്ചു.’ഒരു ദിവസവും ആയിരക്കണക്കിന് ഹിന്ദുക്കള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ചതിയുടെയും ബലം പ്രയോഗിച്ചുമാണ് മതം മാറ്റുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ, മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരിക.

ഇതോടൊപ്പം തന്നെ അനധികൃതമായ പള്ളികള്‍ ബുള്‍ഡോസ് ചെയ്ത് പൊളിച്ചുകളയുക,’ പ്രമോദ് മുത്തലിക് മൈസൂരില്‍ പ്രതികരിച്ചു. അതേസമയം, തങ്ങൾ കര്‍ണാടകയിലെ അനധികൃത പള്ളികളുടെ പട്ടിക ശ്രീരാമ സേന തയ്യാറാക്കിയിട്ടുണ്ടെന്നും ഇവ പൊളിച്ചുമാറ്റാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ശ്രീരാമ സേന നേതാവ് പറഞ്ഞു.

‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി അനധികൃതമായി കർണാടകയിൽ പണികഴിപ്പിച്ച പള്ളികളുടെ ഒരു പട്ടിക ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാര്‍ സമാഹരിച്ചിട്ടുണ്ട്. ഇത്തരത്തിൽ അനധികൃതമായ 500 ക്രിസ്ത്യന്‍ പള്ളികള്‍ ഞങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തി. സര്‍ക്കാര്‍ പുതിയ നിയമം അവതരിപ്പിക്കുന്ന പക്ഷം, ഞങ്ങള്‍ അധികാരികളെ കണ്ട് പട്ടിക കൈമാറും. പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെടും,’ പ്രമോദ് മുത്തലിക് കൂട്ടിച്ചേര്‍ത്തു.