ഡൽഹിയിലെ തീപിടിത്തം ആരംഭിച്ചത് ഒരു ഫാക്ടറിയിൽ നിന്നും; കെട്ടിടത്തിന് അംഗീകാരമില്ല

single-img
14 May 2022

കഴിഞ്ഞ ദിവസം ഡൽഹിയിലെ മുണ്ട്കയിലെ നാല് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. വൻ തീപിടിത്തം ആരംഭിച്ചത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു ഫാക്ടറിയിൽ നിന്നുമാണെന്നും ഈ ഫാക്ടറിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) ഇല്ലെന്നും നഗരത്തിലെ അഗ്നിശമനസേനാ മേധാവി വ്യക്തമാക്കി.

അതേസമയം, ഇതുവരെ 60-70 പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്, 19 പേരെ ഇപ്പോഴും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടുകളുണ്ട്. കണ്ടെത്താനുള്ളവർക്കു വേണ്ടിയുള്ള തിരച്ചിലും മറ്റു രക്ഷാപ്രവർത്തനങ്ങളും നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഫാക്ടറിയുടെ ഉടമകൾ ഒരിക്കലും ഫയർ എൻഒസിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. മാത്രമല്ല ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മിക്ക ഫാക്ടറികൾക്കും എൻ‌ഒ‌സി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറിയുടെ ഉടമകളായ വരുൺ ഗോയൽ, സതീഷ് ഗോയൽ എന്നിവരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുണ്ട്കയിലെ നാല് നിലകളുള്ള വാണിജ്യ കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 27 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഒന്നാം നിലയിൽ നിന്ന് തുടങ്ങിയ തീ മറ്റ് നിലകളിലേക്കും പടരുകയായിരുന്നു.ആറു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണ വിധേയമാക്കാനായത്.