എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകൾ; വിമർശനവുമായി ഹൈക്കോടതി

single-img
13 May 2022

എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളെന്ന വിമർശനവുമായി കേരളാ ഹൈ കോടതി . രണ്ടു സംഘടനകളും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവയാണ്. പക്ഷെ എസ്ഡിപിഐയും പോപ്പുലർഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

സഞ്ജിത്ത് വധക്കേസിലെ പോലീസ് നടത്തുന്ന അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമർശം. കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെയും തള്ളിയിരുന്നു. ഇപ്പോൾ നടക്കുന്ന ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, കൊലപാതകത്തിലെ പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.‌ നേരത്തെ ഒരു എസ്ഡിപിഐ പ്രവർത്തകനെ ആക്രമിച്ചതിനുള്ള പ്രതികാരമായാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യ പ്രതികളെ പിടികൂടിയതായി കോടതി അറിയിച്ചു. നിശ്ചിത കാലയളവിനുള്ളിൽ അന്തിമ റിപ്പോർട്ട് ഹാജരാക്കിയതിനാൽ പ്രതികൾക്ക് ജാമ്യവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ അന്വേഷണ ഏജൻസിക്ക് പ്രത്യേക താൽപര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.