റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

single-img
13 May 2022

പ്രശസ്ത വ്ലോഗർ റിഫയുടെ ദുരൂഹമരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മെഹ്നാസിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. റിഫയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങൾ പൊലീസിനു ലഭിച്ചതിനു പിന്നാലെ മെഹ്നാസിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. കേസന്വേഷണം റിഫ മരണപ്പെട്ട ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്.

മെഹനാസിന്റെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്നും ആവശ്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. റിഫയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുക്കുകയും തുടർന്നുള്ള പരിശോധനയിൽ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് കേസന്വേഷണത്തിൽ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്‍റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.