ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല; മൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തേക്കെന്ന സൂചനയുമായി നരേന്ദ്ര മോദി

single-img
13 May 2022

തുടർച്ചയായി മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുമെന്ന സൂചനയുമായി നരേന്ദ്രമോദി. കേന്ദ്രസർക്കാർ ഇപ്പോൾ നടപ്പാക്കുന്ന പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വിശ്രമമില്ലെന്ന് മോദി പറയുകയായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘ഒരിക്കല്‍ ഞാൻ ഒരു മുതിര്‍ന്ന നേതാവിനെ കണ്ടു. രാഷ്ട്രീയപരമായി അദ്ദേഹം എന്റെ എതിര്‍ ചേരിയിലാണ്. പക്ഷേ, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു ദിവസം മറ്റുചില ആവശ്യങ്ങള്‍ക്കായി അദ്ദേഹം എന്നെ കാണാന്‍ വന്നു. അദ്ദേഹം ചോദിച്ചു, മോദീജി ഇനി താങ്കള്‍ക്ക് എന്താണ് നേടാനുള്ളത്? രാജ്യം രണ്ടു തവണ താങ്കളെ പ്രധാനമന്ത്രിയാക്കിയില്ലേ ?

രണ്ടുതവണ പ്രധാനമന്ത്രിയായി എന്നത് വലിയൊരു നേട്ടമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാല്‍ അദ്ദേഹത്തിനറിയില്ല ഈ മോദിയെ മറ്റൊന്നുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ മണ്ണാണ് മോദിയെ രൂപപ്പെടുത്തിയത്. ഇതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ് പക്ഷേ, ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല. പരിപൂര്‍ണതയാണ് എന്റെ സ്വപ്നം. 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കണം, മോദി പറഞ്ഞു.

2014ല്‍ ആദ്യതവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, നമ്മുടെ രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് ശൗചാലയ സൗകര്യങ്ങള്‍, വാക്സിനേഷന്‍, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ലഭ്യമല്ലായിരുന്നു. ഒരുതരത്തില്‍ അവര്‍ക്കത് നിഷേധിക്കപ്പെട്ടിരിക്കയായിരുന്നു. നമ്മുടെ പ്രയത്നത്താല്‍ പല പദ്ധതികളും 100 ശതമാനം പൂര്‍ത്തീകരിക്കാനായി. ഇവയെല്ലാം വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് പോലും കൈവെയ്ക്കാന്‍ ഭയമായിരുന്നു. എന്നാല്‍, ഞാനിവിടെ രാഷ്ടീയം കളിക്കാനല്ല, രാജ്യത്തെ ജനങ്ങളെ സേവിക്കാനാണ് വന്നത് , മോദി പറഞ്ഞു