ഷഹനയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത് കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്

single-img
13 May 2022

ദുരൂഹ സാഹചര്യത്തിൽ കോഴിക്കോട് ചേവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മയക്ക് മരുന്ന് കണ്ടെത്തി. കഞ്ചാവ്, വിലകൂടിയ ലഹരിമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്.

മരണപ്പെട്ട ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഷഹനയെ വീട്ടിലെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷഹനയുടെ മരണത്തിൽ കുടുംബം ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി.

ഒരിക്കലും തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് ആരോപിച്ചു. ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഷഹന വിളിച്ച് പറഞ്ഞിരുന്നതായി സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസർകോട് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഷഹനയും ഭര്‍ത്താവും.