ഗുരുതര സാമ്പത്തിക പ്രതിസന്ധി; കേരളത്തിന് 5,000 കോടി വായ്പയെടുക്കാന്‍ കേന്ദ്രാനുമതി

single-img
13 May 2022

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചുകൊണ്ട് 5,000 കോടി രൂപ വായ്പയെടുക്കാന്‍ കേരളാ സര്‍ക്കാരിന് അനുമതി നല്‍കി കേന്ദ്രധനകാര്യമന്ത്രാലയം. 20,000 കോടി വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയതെങ്കിലും 5,000 കോടിയുടെ അനുമതി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

പൊതുവിപണിയില്‍ നിന്ന് സംസ്ഥാനത്തിന് കടമെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. സാമ്പത്തിക ഏതാനും ദിവസം മുൻപ് വരെ വായ്പ എടുക്കുന്നതിന് കടുത്ത നിബന്ധനകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നത്. കിഫ്ബിയും പൊതുമേഖല സ്ഥാപനങ്ങളും എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കണമെന്ന കേന്ദ്ര നിലപാടാണ് സംസ്ഥാനത്ത് തിരിച്ചടിയായത്.

ഏതെങ്കിലും കാരണത്താൽ വായ്പ മുടങ്ങുന്ന നിലയുണ്ടായാല്‍ സംസ്ഥാനത്തെ പെന്‍ഷന്‍, ശമ്പള വിതരണങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാകുമായിരുന്നു. ഇതോടൊപ്പം തന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വായ്പ കണക്കുകള്‍ വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പഴയ വായ്പ കണക്കുകളില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇവയില്‍ വ്യക്തത വരുത്തിയ ശേഷമാണ് കടമെടുക്കല്‍ ആവശ്യങ്ങളില്‍ കേന്ദ്രം ഇപ്പോൾ അനുമതി നല്‍കിയിരിക്കുന്നത്.