എട്ടുകോടി രൂപ തട്ടി കോൺഗ്രസ് വിട്ടു എന്നത് കള്ള പ്രചാരണം; നിരപരാധിത്വം വ്യക്തമാക്കണമെന്ന് കോൺഗ്രസിനോട് രമ്യ സ്‌പന്ദന

single-img
12 May 2022

വ്യക്തിപരമായ കാരണങ്ങളാൽ കോൺ​ഗ്രസ് വിട്ടതിന് ശേഷം തനിക്കെതിരെ വ്യാപകമായി ഉയർന്നുവന്ന വ്യാജ ആരോപണങ്ങളിൽ തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസിന്റെ മുൻ ലോക്സഭ എംപിയും നടിയുമായ രമ്യ സ്പന്ദന . ദേശീയ തലത്തിൽ എഐസിസി ജനറൽ സെക്രട്ടറിയും കർണാടകയുടെ പ്രത്യേക ചുമതലയുമുളള കെ സി വേണു​ഗോപാലിനോടാണ് നടി സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.

എട്ട് കോടിയോളം രൂപ തട്ടി കോൺ​ഗ്രസിനെ കബളിപ്പിച്ചുവെന്നാണ് രമ്യക്കെതിരെ ഉയർത്തുന്ന പ്രധാന ആരോപണം. ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്തിയ ശേഷമാണ് രമ്യ കോൺ​ഗ്രസ് വിട്ടത് എന്ന് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. പക്ഷെ താന്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ കോൺ​ഗ്രസ് വിട്ടതെന്നാണ് രമ്യ പറയുന്നത്.

വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഇതുപോലെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് രമ്യ ട്വിറ്ററിൽ എഴുതി. ‘അടുത്ത തവണ നിങ്ങൾ കർണാടകയിൽ വരുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ എന്റെ നിരപരാധിത്വം വ്യക്തമാക്കണം. വേണു​ഗോപാൽ ജി, എനിക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ കാര്യമാണിത്. എന്നാൽ ജീവിതകാലം മുഴുവൻ എനിക്ക് ഈ ട്രോളുകളുമായി കഴിയേണ്ടി വരില്ല. ‘ രമ്യ ട്വിറ്ററിൽ കുറിച്ചു.