പൊതുവേദിയിൽ പെണ്‍കുട്ടിയെ വിലക്കിയതിനെ അപലപിച്ച് വനിത കമ്മീഷന്‍

single-img
11 May 2022
സമസ്തയുടെ വേദിയിൽ  സമ്മാനദാന ചടങ്ങിനിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മത നേതാവ് അപമാനിച്ച സംഭവത്തെ അപലപിച്ച് സംസ്ഥാന വനിതാ കമ്മിഷന്‍. വിദ്യാര്‍ഥിനിക്കെതിരായി നടത്തിയ  പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് അധ്യക്ഷ അഡ്വ  പി സതീദേവി പറഞ്ഞു. 

രാജ്യത്തെ തന്നെ  സ്ത്രീസാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. നമ്മുടെ  സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണം എന്നും  സതീദേവി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഒരു  മദ്രസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനാകുകയും ചെയ്യുകയായിരുന്നു.