പ്രധാനമന്ത്രി അമിത് ഷായ്ക്കും ആഭ്യന്തര മന്ത്രി നരേന്ദ്ര മോദിക്കും നന്ദി; പ്രസംഗത്തിനിടെ നാക്കുപിഴയുമായി അസം മുഖ്യമന്ത്രി

single-img
11 May 2022

അസമിലെ ഒരു പൊതുറാലിയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും ഔദ്യോഗിക പദവികൾ പരസ്പരം മാറിപ്പറഞ്ഞ് കുടുക്കിലായിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘പ്രധാനമന്ത്രി അമിത് ഷായ്ക്കും പ്രിയപ്പെട്ട ആഭ്യന്തര മന്ത്രി നരേന്ദ്ര മോദിക്കും’ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കും നന്ദിയിറിയിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അമിത് ഷായെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി ഉയർത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പക്ഷെ അസം മുഖ്യമന്ത്രിക്ക് ആർക്കും പറ്റാവുന്ന മാനുഷികമായ ഒരു പിഴവാണുണ്ടായതെന്നാണ് ബിജെപി നൽകുന്ന വിശദീകരണം.

15 സെക്കൻഡ് ദൈർഘ്യമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗ വീഡിയോ ക്ലിപ്പ് ഇപ്പോൾ അസമിലെ പ്രതിപക്ഷ പാർട്ടികൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. അസം മുഖ്യമന്ത്രിയുടേത് കേവലം ഒരു നാക്കുപിഴയായി എഴുതി തള്ളാനാവില്ലെന്നാണ് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കുന്നത്.