മുസ്ലിം അടിമത്വത്തിന്റെ പ്രതീകങ്ങൾ; ഡൽഹിയിലെ അഞ്ചു റോഡുകളുടെ പേര് മാറ്റണമെന്ന് ബിജെപി

single-img
10 May 2022

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ അഞ്ചു റോഡുകളുടെ പേരു മാറ്റണമെന്ന ആവശ്യവുമായി ബിജെപി. നിലവിൽ തുക്ലക് റോഡ്, അക്ബർ റോഡ്, ഔറംഗസീബ് ലൈൻ, ഹുമയൂൺ റോഡ്. ഷാജഹാൻ റോഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന റോഡുകളുടെ പേര് മാറ്റണമെന്നാണ് ബിജെപിയുടെ പ്രധാന ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് ബിജെപിയുടെ ഡൽഹി സംസ്ഥാന അധ്യക്ഷൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് കത്തുനൽകി. മുസ്ലിം അടിമത്തതിന്റെ പ്രതീകങ്ങളാണ് ഈ റോഡുകളെന്ന് ബിജെപി ആരോപിച്ചു. അതേസമയം, കുത്തബ്മീനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കണമെന്ന ആവശ്യവുമായി ഹൈന്ദവസംഘടനായ മഹാകൽ മാനവസേനയും രംഗത്തെത്തി.

അതേപോലെ തന്നെ തുക്ലക് റോഡിന് ഗുരുഗോവിന്ദ് സിങ്ങ് മാർഗ് എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. അക്ബർ റോഡ് മഹാറാണ പ്രതാപ് റോഡ് എന്നും ഔറംഗസീബ് ലൈനിന് അബ്ദുൾ കലാം ലെയ്ൻ എന്നും പേര് നൽകണം. ഹുമയൂൺ റോഡിന്റെ പേര് മഹർഷി വാൽമീകീ റോഡ് എന്നാക്കണമെന്നും ഷാജഹാൻ റോഡിന് ജനറൽ വിപിൻ റാവത്തിന്റെ പേര് നൽകണമെന്നും ബിജെപി ആവശ്യപ്പെടുന്നു. ബാബർ ലൈനിന്റെ പേര് മാറ്റി പകരം സ്വാതന്ത്ര്യസമരപോരാളിയായ ഖുദിറാം ബോസിന്റെ പേര് നൽകണമെന്നും ബിജെപി പറയുന്നു. ഈ ആവശ്യം ന്യൂഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ പാനൽ അംഗീകരിച്ചിട്ടുണ്ട്.