കാവ്യയുടെ ചോദ്യം ചെയ്യൽ നീണ്ടുനിന്നത് നാല് മണിക്കൂർ; ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

single-img
9 May 2022

നടിയെ ആക്രമിച്ച കേസിലെ തുടർ അന്വേഷണ ഭാഗമായി കാവ്യാ മാധവന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആലുവയിലെ പത്മസരോവരം വീട്ടിലായിരുന്നു ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ചോദ്യം ചെയ്തത്. നാല് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ എസ്.പി മോഹനചന്ദ്രന്‍, ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എത്തിയത്.

ഇന്ന് ഉച്ചയോടെ 12 മണിക്കായിരുന്നു അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ സംഘത്തിന്റെ വധഗൂഢാലോചനാക്കേസിലും ക്രൈംബ്രാഞ്ച് കാവ്യയുടെ മൊഴിയെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് ഇന്നാണ് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് അയച്ചത്. തുടർന്ന് ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.

കാവ്യയെ ചോദ്യം ചെയ്ത പിന്നാലെ ആലുവ പൊലീസ് ക്ലബ്ബില്‍ മടങ്ങിയെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. നടിയെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.