തെലങ്കാന ഭരിക്കുന്നത് ഒരു മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാത്ത രാജാവാണ്: രാഹുൽ ഗാന്ധി

single-img
8 May 2022

തെലങ്കാനയുടെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചന്ദ്രശേഖർ റാവു ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പൊതുജനങ്ങൾ പറയുന്നത് കേൾക്കാത്ത ഒരു രാജാവാണ് തെലങ്കാന ഭരിക്കുന്നതെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധി ചന്ദ്രശേഖര റാവുവിന് എതിരെ രംഗത്തെത്തിയത്. സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ തകർത്ത തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ പരാജയപ്പെടുത്താൻ കോൺഗ്രസിനൊപ്പം ചേരണമെന്ന് രാഹുൽ ഗാന്ധി യുവാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ആദ്യമായി സംസ്ഥാന പദവി നൽകുമ്പോൾ തെലങ്കാനയിലെ ജനങ്ങൾക്കും സോണിയാജിക്കും ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാൽ ആ സ്വപ്നങ്ങൾ കെസിആർ ഒറ്റയ്ക്ക് തകർത്തുവെന്നും രാഹുൽ ആരോപിച്ചു. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന യുവാക്കളെ ടിആർഎസിനെ പരാജയപ്പെടുത്താനും മഹത്തായ തെലങ്കാന കെട്ടിപ്പടുക്കാനുമുള്ള കോൺഗ്രസിൻ്റെ ദൗത്യത്തിൽ പങ്കാളികളാകുവാൻ സ്വാഗതം ചെയ്യുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.

“നിങ്ങളുടെ ഭാവിയും തെലങ്കാനയുടെ സ്വപ്നവും തകർത്ത കെസിആർ തെലങ്കാന കൊള്ളയടിക്കുന്നതാണ് നിങ്ങൾ കാണുന്നത്. നിങ്ങൾക്കായി ഉദ്ദേശിച്ച പണം ഒരു കുടുംബത്തിന് മാത്രമാണ് ലഭിച്ചത്. നിങ്ങൾക്ക് സ്കൂളുകളും കോളേജുകളും സർവകലാശാലകളും ലഭിച്ചില്ല. അതിൻ്റെ ഉത്തരവാദികളായ കെസിആറിനെ പുറത്താക്കാൻ യുവാക്കളെ കോൺഗ്രസിൽ ചേരാനും പുതിയ മാറ്റം കൊണ്ടുവരാനും കോൺഗ്രസ് ക്ഷണിക്കുന്നു´´- രാഹുൽ ഗാന്ധി പറഞ്ഞു.

സത്യത്തിനായുള്ള നിങ്ങളുടെ പോരാട്ടത്തിനൊപ്പമാണ് ഞങ്ങൾ നിന്നത്. തെലങ്കാന എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനും സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു, രാഹുൽ ഗാന്ധി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. അതമസമയം അച്ചടക്കരാഹിത്യം വെച്ചുപൊറുപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെലങ്കാനയിലെ പാർട്ടി പ്രവർത്തകർക്ക് വ്യക്തമായ സന്ദേശം നൽകി. കോൺഗ്രസിന് എല്ലാ ശബ്ദവും കേൾക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ തങ്ങളുടെ പരാതികൾ പരസ്യമായി പറയരുതെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.