താജ് മഹൽ നിർമ്മിച്ചത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചായിരുന്നോ; പരിശോധിക്കണമെന്ന് കോടതിയില്‍ ഹര്‍ജിയുമായി ബിജെപി നേതാവ്

single-img
8 May 2022

ഡൽഹിയിലെ ആഗ്രയിൽ താജ്മഹലുണ്ടാക്കിയത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചാണോ എന്നത് വിശദമായി പരിശോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബഞ്ചില്‍ ഹർജി നൽകി.

ബിജെപിയുടെ അയോധ്യ യൂനിറ്റിന്റെ മീഡിയ ചുമതല വഹിക്കുന്നു ഡോ. രജനീഷ് സിങാണ് ഇത്തരത്തിൽ ഒരു ഹർജി സമര്‍പ്പിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്ത് താജ്മഹലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെടുത്ത് ചരിത്ര സത്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണസമിതിയെ രൂപവത്കരിക്കണമെന്നാണ് ഇദ്ദേഹം ഹർജിയുടെ ആവശ്യപ്പെടുന്ന പ്രധാന കാര്യം.

തേജോ മഹാലയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു പഴയ ശിവക്ഷേത്രമാണ് പിന്നീട് താജ്മഹലായി മാറിയതെന്നാണ് ഹർജിക്കാരനായി ഹാജരാകുന്ന അഭിഭാഷകനായ രുദ്ര വിക്രം സിങ് പറയുന്നത്. എ.ഡി 1212ല്‍ തേജോ മഹാലയ ക്ഷേത്രം രാജാ പരമര്‍ദി ദേവ് നിര്‍മിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമര്‍ശിക്കുന്നുണ്ടെന്നും ഈ ക്ഷേത്രം പിന്നീട് ജയ്പൂര്‍ മഹാരാജാവായിരുന്ന രാജ മാന്‍ സിങ്ങിന് അവകാശമായി ലഭിച്ചതായും അദ്ദേഹം പറയുന്നു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ല്‍ ഷാജഹാന്‍ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായും ഹർജിയിൽ ആരോപിക്കുന്നു.

ഇതിനെല്ലാം പുറമെ താജ്മഹലിന്റെ പേരിനെക്കുറിച്ചുള്ള ചില സംശയങ്ങളും വാദത്തില്‍ ഉന്നയിക്കുന്നുണ്ട്. ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റെ പേര് അടിസ്ഥാനമാക്കിയാണ് താജ്മഹലിന്റെ പേര് വന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പല പുസ്തകങ്ങളിലും ഷാജഹാന്റെ ഭാര്യയുടെ പേര് മുംതാസ് മഹലല്ലെന്നും പകരം മുംതാസ്-ഉല്‍-സമാനി എന്നാണെന്നും ഒരു ശവകുടീരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ 22 വര്‍ഷമെടുത്തുവെന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്നും ഹരജിയില്‍ പറയുന്നു.