മുഖം മൂടാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടും; ഉത്തരവിറക്കി താലിബാൻ

single-img
7 May 2022

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കി താലിബാൻ ഭരണകൂടം. മുഖം മമറയ്ക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടുമെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ 1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണകാലത്ത് ഇവിടെ സ്ത്രീകൾക്ക് ബുർഖ നിർബന്ധമായിരുന്നു.

ഇപ്പോൾ വീണ്ടും ഈ പുതിയ നിയമങ്ങളോടെ ലോകത്തെ ഏറ്റവും സ്ത്രീവിരുദ്ധമായ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമായി അഫ്ഘാനിസ്ഥാൻ മാറിയിരിക്കുകയാണ്. മുഖം മറയ്ക്കുന്നരീതിയിൽ മത വേഷം ധരിച്ച് മാത്രമേ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങാവൂ എന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അകുൻസാദ ഉത്തരവിൽ പറയുന്നു.

രാജ്യ തലസ്ഥാനമായ കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇപ്പോൾ താലിബാൻ ഭരണകൂടം ബുർഖയും നിർബന്ധമാക്കിയിരിക്കുന്നത്. എഎഫ്പി അന്താരാഷ്‌ട്ര വാർത്താ ഏജൻസി റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുരോഗമന നഗരമായ ഹെറാത്തിൽ പോലും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്താൻ ഡ്രൈവിംഗ് പരിശീലകരോട് താലിബാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.