ഈ ഒപ്പ് കിട്ടിയാലേ ഇനി പാസ്‌പോര്‍ട്ട് കിട്ടൂ; ശശികലക്കെതിരെ ട്രോളുമായി ടി സിദ്ദീഖ്

single-img
7 May 2022

വിദ്വേഷ പ്രചാരണം നടത്തിയ കാരണത്താൽ ഖത്തറിലെ മലയാളം മിഷന്‍ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ദുര്‍ഗാദാസിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ദുര്‍ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി നേരത്തെ പരാതിയില്ലെന്നും വര്‍ഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നയാളാണെന്നും ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ശശികല കുറിപ്പിൽ പറഞ്ഞിരുന്നു.

മാത്രമല്ല, ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും പാസ്‌പോര്‍ട്ട് കിട്ടിയാലല്ലേ ഗള്‍ഫില്‍ പോകാനാവൂ, നിങ്ങള്‍ക്കായാലും അവിടെ പോയി തെണ്ടിക്കണമെങ്കില്‍ ഈ നാടു തരുന്ന പാസ്പോര്‍ട്ട് കൂടിയേ തീരു. വെറുതേ പറഞ്ഞൂന്നേയുള്ളു എന്നായിരുന്നു ശശികലയുടെ ഭീഷണി.

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലൂടെ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം എല്‍ എ ടി സിദ്ദീഖ്. ഒരു പാമ്പിന്റെ രേഖാച്ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ‘ ഇതാണ് ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പ്’ എന്ന് പറഞ്ഞാണ് ടി സിദ്ദീഖ് ശശികലയെ പരിഹസിച്ചത്. ‘ഇതാണ് ഇനി പാസ്‌പോര്‍ട്ടിലെ ഒപ്പ്, ഈ ഒപ്പ് കിട്ടിയാലേ ഇനി പാസ്‌പോര്‍ട്ട് കിട്ടൂ, പാസ്‌പോര്‍ട്ട് കിട്ടിയാലല്ലേ നമുക്ക് ഗള്‍ഫില്‍ ജോലിക്ക് പോകാന്‍ പറ്റൂ,’ എന്ന് ചിത്രത്തോടൊപ്പം ടി സിദ്ദീഖ് എഴുതി.