കർണാടകയിൽ വൻ പെൺവാണിഭ റാക്കറ്റ് പിടിയിൽ; 12 യുവതികളെ രക്ഷപെടുത്തി; രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ

single-img
7 May 2022

കർണാടകയിലെ ചിത്രദുർഗയിൽ ഹോട്ടൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവന്നിരുന്ന പെൺവാണിഭ റാക്കറ്റിനെ പോലീസ് പിടികൂടി. ഈ സംഘത്തിന്റെ പിടിയിൽ അകപ്പെട്ട 12 യുവതികളെ പോലീസ് രക്ഷപെടുത്തി. രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഹോട്ടലിന്റെ രണ്ടാം നിലയിലാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് പെൺകുട്ടികളെ എത്തിച്ചതെന്ന് ഹോട്ടൽ മാനേജർ പറഞ്ഞു. ചിത്രദുർഗ ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ് രക്ഷിച്ചത്. സംഭവത്തിൽ ഹോട്ടൽ മാനേജരായ സ്ത്രീ ഉൾപ്പെടെ ആറു പേരെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തു. പ്രജ്വാൽ എന്ന് പേരുള്ള ഹോട്ടൽ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ഹോട്ടലിന്റെ ശുചിമുറിയിലെ പിൻ ഭിത്തിയിൽ രഹസ്യ വാതിൽ ഒരുക്കിയാണ് ആവശ്യക്കാരെ മുറിയിലേക്ക് കടത്തിവിട്ടിരുന്നത്.

എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്ത വിധത്തിലാണ് പെൺവാണിഭ റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടിയത്.