രാഹുൽ ഗാന്ധി ഇനി വയനാട്ടിലും തോൽക്കും; ഹൈദരാബാദില്‍ മത്സരിച്ചു ഭാഗ്യപരീക്ഷണം നടത്താൻ വെല്ലുവിളിയുമായി ഉവൈസി

single-img
7 May 2022

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇനി മത്സരിച്ചാൽ വയനാട്ടിലും തോൽക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. തെലങ്കാനയിലെ ഭരണകക്ഷികളായ ടിആർഎസിനും എഐഎംഐഎമ്മിനും എതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾക്കു പിന്നാലെയാണ് ഉവൈസിയുടെ മറുപടി വന്നത്.

രാഹുലിനെ ഹൈദരാബാദിൽ മത്സരിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു അദ്ദേഹം. ഉവൈസിയുടെ വാക്കുകൾ ഇങ്ങിനെ: ”ഹൈദരാബാദിലേക്ക് രാഹുൽ വരൂ. ഇവിടെനിന്ന് മത്സരിക്കൂ. ഭാഗ്യപരീക്ഷണം നടത്തിനോക്കൂ. മേഡക്കിൽനിന്നും താങ്കൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം.”

അതേസമയം, അടുത്ത വർഷം നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസും ടിആർഎസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കുമെന്ന് ഇന്ന് രാഹുൽ പറഞ്ഞിരുന്നു. തെലുങ്കാനയിൽ രണ്ടുദിവസത്തെ പര്യടനം നടത്തുന്ന രാഹുൽ വാറങ്കലിൽ പൊതുറാലിയിലാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, തെരഞ്ഞെടുപ്പിൽ ടിആർഎസിനെ തോൽപിച്ച് കോൺഗ്രസ് അധികാരം പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.