ജോ ജോസഫിന്‍റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാർ; തൃക്കാക്കരയിൽ എൽഡിഎഫിന് വിജയം മണക്കുന്നു: പിസി ജോർജ്

single-img
6 May 2022

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ താൻ മത്സരിക്കുന്നില്ലെന്ന് വീണ്ടും വ്യക്തമാക്കി പിസി ജോർജ്. തിരുവനന്തപുരത്തെ ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിച്ചത് സ്ഥാനാർത്ഥിയാകാനല്ലെന്നും അതേസമയം എൽഡിഎഫ് സ്ഥാനാർത്ഥി തന്റെ സ്വന്തം ആളാണെന്നും പി സി ജോർ‌ജ് പറയുന്നു.

പിസിയുടെ വാക്കുകൾ: `എന്‍റെ സ്വന്തം ആളാണ്. കണ്ടപ്പോൾത്തന്നെ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ തന്നിരുന്നു. ജോ ജോസഫിന്‍റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാരാണ്. അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത ബന്ധു ജനപക്ഷം കേരള കോൺഗ്രസിന്‍റെ അടുത്ത ബന്ധുവാണ്. ജോ ജോസഫ് മറ്റേതെങ്കിലും പാ‍ർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ല´´

ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി താൻ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും എന്നാൽ താൻ ഒരിക്കലും സ്ഥാനാർത്ഥിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഹിന്ദു മഹാ സമ്മേളനത്തിൽ ഞാനൊരു ആശയം മുന്നോട്ടു വച്ചിരിക്കുകയാണ്. ആ യുദ്ധവുമായി ഞാൻ മുന്നോട്ട് പോകുമ്പോൾ സ്ഥാനാർത്ഥി ആയാൽ അതിനുവേണ്ടിയാണ് ഈ പ്രശ്നങ്ങളുണ്ടാക്കിയതെന്ന പേരുദോഷം വരും.´´- പിസി ജോർജ് പറഞ്ഞു.

യുഡിഎഫ് തൃക്കാക്കരയിൽ ഉമയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിലെ തർക്കം ഇപ്പോഴും നിലനിൽക്കുകയാണെന്നും ഇത് തൃക്കാക്കരയിൽ യുഡിഎഫിന് ഗുണം ചെയ്യില്ലെന്നും പിസി ജോർജ് വ്യക്തമാക്കി. ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി വളരെ നല്ല ചെറുപ്പക്കാരനാണെന്നും അതിൻ്റെ ആനുകൂല്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു