ജോ ജോസഫിന് ഇടത് പക്ഷവുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഹൃദയം ഇടതുഭാഗത്താണ് എന്നത് മാത്രമാണ് : കെ സുധാകരൻ

single-img
6 May 2022

തൃക്കാക്കരയിൽ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിൽ ഇടതുമുന്നണിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടിക്കായി പോരാടുന്ന അരുൺകുമാറിനെ ഒഴിവാക്കി ആർക്കും അറിയാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കിയത് അഭിപ്രായ ഭിന്നതയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എൽഡിഫിലെ അഭിപ്രയവ്യത്യാസം കാരണം യുഡിഎഫിന് വിജയസാധ്യത ഏറിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ജോ ജോസഫിന് ഇടത് പക്ഷവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ ഹൃദയം ഇടതുഭാഗത്താണ് എന്നത് മാത്രമാണ് ഇടത് പക്ഷവുമായി അദ്ദേഹത്തിനുള്ള ഏക ബന്ധമെന്നും കെ സുധാകരൻ പരിഹസിച്ചു.

അതേസമയം, എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടുവെന്ന് കരുതുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. സഭയ്ക്ക് എൽഡിഎഫിനെ പിന്തുണയ്ക്കാനാവില്ല. തൃക്കാക്കരയിലേത് പേയ്‌മെന്റ് സീറ്റാകാൻ സാധ്യതയുണ്ട്. ഇത്രയും കമ്മീഷൻ വാങ്ങുന്ന വേറെ ഏത് പാർട്ടിയുണ്ടെന്നും കെ സുധാകരൻ ചോദിക്കുന്നു.