ബംഗാൾ സന്ദർശനം; അമിത് ഷായ്ക്ക് വീട്ടില്‍ പച്ചക്കറി വിഭവങ്ങളുടെ വിരുന്നൊരുക്കി ഗാംഗുലി

single-img
6 May 2022

പശ്ചിമ ബംഗാൾ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വീട്ടില്‍ വിരുന്നൊരുക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. രാത്രി അത്താഴത്തിനുള്ള തന്റെ ക്ഷണം ആഭ്യന്തരമന്ത്രി സ്വീകരിച്ചുവെന്നും പച്ചക്കറി വിഭവങ്ങളാണ് താന്‍ അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നതെന്ന്ന്നും ഗാംഗുലി പറഞ്ഞു.

അമിത് ഷായുടെ മകനോടൊപ്പം പ്രവര്‍ത്തിച്ചതിന് ശേഷം 2008 മുതല്‍ തനിക്ക് അദ്ദേഹത്തെ നേരിട്ട് തന്നെ അറിയാമെന്ന് ഗാംഗുലി പറഞ്ഞു. സൗരവ് ഗാംഗുലിയുടെ വസതിയിലേക്ക് പോകുന്നതിന് മുമ്പ് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ‘മുക്തി-മാത്രിക’ എന്ന പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും.

സൗരവ് ഗാംഗുലിയുടെ ഭാര്യയായ ഡോണ ഗാംഗുലിയുടെയും അവരുടെ ട്രൂപ്പായ ദിക്ഷ മഞ്ജരിയുടെയും നൃത്തവും പരിപാടിയില്‍ ഉണ്ടാകും. ബംഗാളിലെ ബിജെപി നേതാക്കളുടെ മനോവീര്യം വര്‍ധിപ്പിക്കാനായാണ് അമിത് ഷാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളില്‍ എത്തിയത്.