ഏൽപ്പിച്ച കർത്തവ്യം പി ടി ചെയ്യുന്നത് പോലെ നിറവേറ്റും; പി ടി യുടെ നിലപാടുകളിൽ തന്നെ ഉറച്ചുനിൽക്കും: ഉമ തോമസ്

single-img
3 May 2022

പി ടി തോമസ് തുടങ്ങി വെച്ചകാര്യങ്ങളെല്ലാം താൻ പൂർത്തിയാക്കുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. പാർട്ടി തന്നിൽ ഏൽപ്പിച്ച കർത്തവ്യം പി ടി ചെയ്യുന്നത് പോലെ നിറവേറ്റും. പി ടി യുടെ നിലപാടുകളിൽ തന്നെ താൻ ഉറച്ചു നിൽക്കുമെന്നും ഉമ തോമസ് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇടതു മുന്നണിയെ യുഡിഎഫ് 99സീറ്റിൽ ൽ നിർത്തും. തൃക്കാക്കരയിലെ ജനം സർക്കാരിനെതിരെ വിധിയെഴുതണമെന്നും ഉമ തോമസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. കോൺഗ്രസ് ഹൈക്കമാന്റിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ തോമസ്.

പി ടി തോമസിന്റെ വിയോഗത്തിന് ശേഷം കരുത്ത് തന്നത് കോണ്‍ഗ്രസ് പ്രസ്ഥാനമാണെന്നും പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഡൊമിനിക് പ്രസന്റേഷന്‍ ഉയര്‍ത്തിയ ആശങ്ക ചെറിയൊരു വികാരത്തിന്റെ പുറത്തുണ്ടായതാണ്. എന്നെ തള്ളിപ്പറയാന്‍ അദ്ദേഹത്തിനാകുമെന്ന് കരുതുന്നില്ല. പി ടിയും ഞാനുമായും ഡൊമിനിക് പ്രസന്റേഷന് അടുത്ത ബന്ധമാണെന്നും ഉമ തോമസ് പറയുന്നു.