കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത പരിപാടിക്കിടെ സ്‌ക്രീനിൽ പോൺ ദൃശ്യങ്ങൾ; അന്വേഷിക്കാൻ പൊലീസ്

single-img
3 May 2022

അസമിൽ ന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത പരിപാടിക്കിടെ പോൺ ദൃശ്യങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ച സംഭവം അന്വേഷിക്കാൻ പൊലീസ്. സംഭവത്തിൽ പ്രൊജക്ടർ ഓപ്പറേറ്ററെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു.

കേന്ദ്രമന്ത്രിയും അസം ക്യാബിനറ്റ് മന്ത്രിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്ത പൊതുപരിപാടിയുടെ വേദിയിലെ സ്ക്രീനിലാണ് പോൺ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്. സംസ്ഥാനത്തെ ടിൻസുകിയ ജില്ലയിലെ ഹോട്ടലിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) മെഥനോൾ കലർന്ന എം-15 പെട്രോൾ അവതരിപ്പിക്കുന്ന ചടങ്ങിനിടെയാണ് സംഭവം.

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തെലി, അസം തൊഴിൽ മന്ത്രി സഞ്ജയ് കിസാൻ, ഐഒസി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ വേ​ദിയിലുണ്ടായിരുന്നു. പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിനായി വേദിയിൽ സ്‌ക്രീൻ സ്ഥാപിച്ചിരുന്നു. ഈ സ്ക്രീനിലാണ് ഐഒസി ഉദ്യോഗസ്ഥൻ സംസാരിക്കുന്നതിനിടെ അശ്ലീല വിഡിയോ ദൃശ്യം പ്ലേ ചെ‌യ്തത്.

സംഘാടകർ ഇടപെട്ട് പോൺ വീഡിയോ നിർത്തിയെങ്കിലും സദസ്സിലുണ്ടായിരുന്ന ചിലർ സംഭവം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു. സൂം മീറ്റിങ് വഴിയും പരിപാടി തത്സമയം സ്ട്രീം ചെയ്തിരുന്നു. ഐഒസി ഉദ്യോ​ഗസ്ഥരിലൊരാൾ പരിപാടിയുടെ യൂസർ നെയിമും പാസ് വേ‍ഡും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതുപയോ​ഗിച്ച് കയറിയ ആൾ പോൺ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് നി​ഗമനം. സംഭവത്തിൽ ടിൻസുകിയ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചു.