യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇക്കുറി ഇടത് മുന്നണി ഇടിച്ച് തകർക്കും; അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കണം: ഇപി ജയരാജൻ

single-img
3 May 2022

ഈ മാസം 31ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലം യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് മറുപടിയുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത്. യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇക്കുറി ഇടത് മുന്നണി ഇടിച്ച് തകർക്കുമെന്നും അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.

മണ്ഡലത്തിലേക്ക് മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽ ഡി എഫിന് ഇത്തവണയെന്നും ഈ തിരഞ്ഞെടുപ്പോടെ നിയമസഭയിലെ ഇടതുപക്ഷത്തിന്റെ സീറ്റ് മൂന്നക്കം കടക്കുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. എൽ ഡി എഫ്ഇടതുപക്ഷം സംസാരിക്കുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും സഹതാപതരംഗത്തെ ആശ്രയിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും സിൽവർലൈൻ ചർച്ച വികസനത്തിന്റെ കരുത്ത് കൂട്ടുമെന്നും ജനവികാരം സർക്കാരിന് അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നേരത്തെ മുൻ എം എൽ എയായിരുന്ന പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിനുള്ള കെ പി സി സിയുടെ നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നു.