ബിസിനസ് യാത്രയിലായതിനാൽ ഹാജരാകാന്‍ സമയം വേണമെന്ന് വിജയ് ബാബു; സാധിക്കില്ലെന്ന് പോലീസ്

single-img
2 May 2022

താൻ ഇപ്പോൾ ബിസിനസുമായി ബന്ധപ്പെട്ട യാത്രയില്‍ ആയതിനാല്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്ന് ഇ-മെയില്‍ വഴി ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. പൊലീസ് അയച്ച നോട്ടീസിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടിയത്.

ഈ മാസം 19ന് ഹാജരാകാമെന്നും, അതിനുള്ള സാവകാശം നല്‍കണമെന്നുമാണ് വിജയ് ബാബു പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു പൊലീസിന് ഇ-മെയില്‍ മറുപടി നല്‍കിയത്. വിജയ് ബാബു ആവശ്യപ്പെട്ട സാവകാശം നല്‍കാന്‍ ആവില്ലെന്ന് പൊലീസ് അറിയിച്ചു.

പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെയാണ് വിജയ് ബാബു സാവകാശം ചോദിച്ചത്. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 24നാണ് ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്.