ഷവർമ്മ നിർമാണത്തിൽ സംസ്ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരും: മന്ത്രി വീണാ ജോർജ്ജ്

single-img
2 May 2022

ഷവർമ്മയുടെ നിർമ്മാണത്തിൽ സംസ്ഥാന വ്യാപകമായി ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിനുവേണ്ടി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികൾക്ക് സൗജന്യചികിത്സ നൽകുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലായവ‍ർ ഷവർമ്മ കഴിഞ്ഞ ഐഡിയൽ ഫുഡ് പോയിൻ്റ് എന്ന സ്ഥാപനത്തിൻ്റെ മാനേജിം​ഗ് പാ‍ർട്ണർ മുല്ലോളി അനെക്സ്​ഗ‍ർ. ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവിടേക്ക് കോഴിയിറച്ചി നൽകിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയെ ചിക്കൻ സെൻ്റർ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് നടപടി.