കാസർകോട് ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും പുഴയിൽ മുങ്ങി മരിച്ചു

single-img
2 May 2022

കാസർകോട്ടെ പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങി മരിച്ചു. കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ കർണാടക സ്വദേശിനിയായ ദീക്ഷ (23), ബന്ധുവും വിദ്യാര്‍ഥിയുമായ മനീഷ് (16) എന്നിവരാണ് മരിച്ചത്. നിതിൻ്റെ സഹോദരൻ്റെ മകനാണ് മനീഷ്.

ഇന്ന് ഉച്ചയ്ക്ക് ശേഷം കുണ്ടംകുഴിയിലാണ് സംഭവം നടന്നത് . കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇവർ കുളിക്കുന്നതിനിടെ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലിൽ മനീഷിൻ്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ഒടുവിലായാണ് ദമ്പതികളുടെ മൃതദേഹം കിട്ടിയത്. ചുഴിയുള്ള പ്രദേശത്തായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.