ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഏത് സമയത്തും കോൺഗ്രസും യുഡിഎഫും സജ്ജം: വിഡി സതീശൻ

single-img
2 May 2022

ഈ മാസം 31 നു നടക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും യുഡിഎഫ് ഘടകകക്ഷികളുടെയും സമ്മതത്തോടെ ഉടൻ സ്ഥാനർത്ഥിയെ പ്രഖ്യാപിക്കും.

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരത്ത് പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ കെ- റെയിൽ മുഖ്യ വിഷയമാക്കിയാവും പ്രചരണം നടത്തുകയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഏത് സമയത്തും കോൺഗ്രസും യുഡിഎഫും സജ്ജമാണ്. നാളെ മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരിപാടികൾക്ക് തുടക്കം കുറിക്കും. ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടനാ സംവിധാനം കോൺഗ്രസിനും യുഡിഎഫിനും തൃക്കാക്കര മണ്ഡലത്തിലുണ്ട്. നേരത്തെ പി ടി തോമസ് വിജയിച്ചതിനേക്കാൾ ഉജ്ജ്വലമായ ഭൂരിപക്ഷത്തിൽ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും.

അവസാന ഒരു വർഷക്കാലത്തെ സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾ ജനകീയ വിചാരണയ്ക്ക് വിധേയമാക്കും. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള പ്രവർത്തനങ്ങൾക്കൊപ്പം യുഡിഎഫ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ആശയങ്ങളും ജനങ്ങളിലേക്കെത്തിക്കും’,വി ഡി സതീശൻ പറഞ്ഞു.