പിണറായി വേറെ ലെവലാണ്, കേരളവും; പിസി ജോർജ്ജിന്റെ അറസ്റ്റിൽ പ്രതികരണവുമായി കെടി ജലീല്‍


മുസ്ലിം മതവിദ്വേഷ പ്രസംഗം നടത്തിയ കാരണത്താൽ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ. പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിലിയിലെടുത്തത് പലര്‍ക്കും മുന്നറിയിപ്പാണെന്ന് മുൻ മന്ത്രി കെടി ജലീല്‍ എംഎല്‍എ. തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും പിണറായിയും കേരളവും വേറെ ലെവലാണെന്നും കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കെടി ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
വിദ്വേഷ പ്രസംഗം നടത്തിയതിന്റെ വീഡിയോ വയറലായി 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ഗവ: ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെ വെളുപ്പാന്‍ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക്.
ഓരോരുത്തര്‍ക്കും അവനവന്റെയും അവരുടെ വിശ്വാസത്തിന്റെയും മഹത്വങ്ങള്‍ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം.
വര്‍ഗീയ പ്രചരണത്തില്‍ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരില്‍ നിന്നും നന്‍മയെ നമുക്ക് പകര്‍ത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം. പിണറായി വേറെ ലെവലാണ്. കേരളവും.