കാസർകോട് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥിയുടെ മരണം; ലൈസൻസില്ലാത്ത സ്ഥാപനം പൂട്ടിച്ചു

single-img
1 May 2022

കാസർകോട് ജില്ലയിലെ ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് കട പൂട്ടിച്ച് അധികൃതര്‍. ചെറുവത്തൂരിലെ കടയ്ക്ക് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് ശേഷം അധികൃതര്‍ കട പൂട്ടി സില്‍ ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മറ്റു കടകളിലും പരിശോധന നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയായ ദേവനന്ദയാണ് മരിച്ചത്. 16 വയസായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.

നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ദേവനന്ദയ്ക്ക് പുറമെ വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ 14ഓളം ആളുകള്‍ വിവിധ ആശുപത്രികളില്‍ ഇപ്പോൾ ചികിത്സ തേടിയിരിക്കുകയാണ്.

ഇതിൽ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പനിയും വയറിളക്കവും മൂലം ഇന്നലെ നാലു പേരെയും ഇന്ന് രാവിലെ 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.