വിദേശനാണ്യ വിനിമയചട്ട ലംഘനം; ഷവോമിയുടെ 5,500 കോടി രൂപ ഇഡി മരവിപ്പിച്ചു

single-img
30 April 2022

പ്രശസ്ത ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 5,551.27 കോടിയിലധികം രൂപ കേന്ദ്ര ഏജൻസിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. രാജ്യത്തെ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ചൈന കേന്ദ്രമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഷവോമി ഇന്ത്യ. 2022 ഫെബ്രുവരിയില്‍ അനധികൃതമായി വിദേശത്തേയ്ക്ക് പണമയച്ചതുമായി ബന്ധപ്പെട്ട് ഇഡി ഷവോമിയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

നേരത്തെ 2014ല്‍ ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച ഷവോമി 2015 മുതല്‍ വിദേശത്തേയ്ക്ക് പണം അയക്കാന്‍ തുടങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. മൂന്ന് വിദേശ സ്ഥാപനങ്ങളിലേക്ക് 5,551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി കമ്പനി അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കമ്പനി പണം വിദേശത്തേക്ക് അയക്കുമ്പോള്‍ കമ്പനി ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയെന്നാണ് ഇഡിയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. മാതൃസ്ഥാപനത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പണമയച്ചതെന്ന് ഇഡി പ്രസ്താവനയില്‍ അറിയിച്ചു.