കരിപ്പൂരിൽ 7 കിലോ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍; ഒളിപ്പിച്ചത് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും

single-img
30 April 2022

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സ്വർണ്ണവേട്ടയിൽ 7.314 കിലോഗ്രാം സ്വര്‍ണമാണ് ദമ്പതിമാരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്‌നയുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.

സ്വര്‍ണത്തെ മിശ്രിതരൂപത്തിലാക്കി അബ്ദുസമദ് 3672 ഗ്രാം സ്വര്‍ണവും സഫ്‌ന 3642 ഗ്രാം സ്വര്‍ണവുമാണ് കടത്തിയത്. ദുബായില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ ഇവര്‍ ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഏകദേശം മൂന്ന് കോടിരൂപയിലധികം വിലമതിപ്പുള്ള സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയത്. നിലവിൽ പ്രതികളെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. ഇവർ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.