യൂട്യൂബർ റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിനെതിരെ പോലീസ് കേസെടുത്തു

single-img
29 April 2022

പ്രശസ്ത യൂട്യൂബർ റിഫ മെഹ്നു‌വിൻ്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ പോലീസ് കേസെടുത്തു. മാനസിക- ശാരീരിക ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം എന്നിങ്ങിനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കാക്കൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്‌നാസിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടത്. സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്.

ജോലിക്ക് വേണ്ടി ദുബായിൽ എത്തിയതിന് പിന്നാലെയായിരുന്നു റിഫയുടെ അപ്രതീക്ഷിതമായ മരണവും സംഭവിച്ചത്. ഇതിനെ തുടർന്ന് മരണത്തിൽ ദുരൂഹതയുള്ളതിനാൽ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറൽ എസ്പി എ.ശ്രീനിവാസിനു പരാതി നൽകിയിരുന്നു. പോലീസ് സൂപ്രണ്ട് നൽകിയ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.