ശ്രീലങ്കയിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മഹിന്ദ രജപക്‌സെയെ നീക്കാൻ ശ്രമം

single-img
29 April 2022

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ സമ്മതിച്ചെന്ന് പ്രതിപക്ഷം. പുതുതായി തെരഞ്ഞെടുക്കുന്ന ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർവ കക്ഷി മന്ത്രിസഭ ഉണ്ടാക്കാൻ പ്രസിഡന്റ് സമ്മതിച്ചു എന്നാണ് പ്രതിപക്ഷ നിരയിലെ മൈത്രിപാല സിരിസേന മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, പ്രസിഡന്റിന്റെ ഓഫീസ് ഈ വിവരം സ്ഥിരീകരിച്ചില്ല. രാജ്യത്തിന് പുതിയ പ്രധാനമന്ത്രി ആയി ആരെയെങ്കിലും നിർദേശിക്കാൻ ഉണ്ടെങ്കിൽ എഴുതി നല്കാൻ മാത്രമാണ് ആവശ്യപ്പെട്ടത് എന്നും പ്രധാനമന്ത്രിയെ നീക്കുമെന്ന് ഉറപ്പു നൽകിയിട്ടില്ലെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

ബന്ധുക്കളായ മഹിന്ദ രാജപക്സെയും ഗോത്തബയ രാജപക്സെയും തമ്മിൽ അഭിപ്രായ ഭിന്നത ഉളളതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും സഹോദരനായ മഹിന്ദ സ്ഥാനമൊഴിയാൻ തയാറായില്ലെന്നും വാർത്തകൾ ഉണ്ടായിരുന്നു.