ആദ്യകേസിൽ ജാമ്യം; ജിഗ്നേഷ് മേവാനിയെ വീണ്ടും മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു

single-img
25 April 2022

ഗുജറാത്തിൽ നിന്നുള്ള സ്വതന്ത്ര കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിയെ വീണ്ടും മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെസോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പേരിൽ റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ മേവാനിക്ക് ഇന്നാണ് ജാമ്യം ലഭിച്ചത്. ഈ കേസിൽ ഗുവാഹത്തി കോടതിയാണ് മേവാനിക്ക് ജാമ്യം അനുവദിച്ചത്.

ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വരുന്ന അതേ ദിവസമായിരുന്നു മേവാനി പോലീസിന്റെ അറസ്റ്റിലായത്. ഗുവാഹത്തിയിൽ ഒരു സ്വകാര്യവ്യക്തി നല്കിയപേരിൽ റജിസ്റ്റർ ചെയ്ത കേസിൽ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു.

അതേസമയം, ഇപ്പോൾ പുതുതായി ഏത് കേസിലാണ് മേവാനിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.
തന്നെ അറസ്റ്റ് ചെയ്തത് മോദിയുടെ പ്രതികാരരാഷ്ട്രീയത്തിന്‍റെ തെളിവാണെന്ന് നേരത്തേ മേവാനി പ്രതികരിച്ചിരുന്നു. അസമിലെ കൊക്രഝാറിൽ നിന്നുള്ള പ്രാദേശിക ബിജെപി നേതാവ് അരൂപ് കുമാർ ഡേ നൽകിയ പരാതിയിലാണ് നേരത്തേ മേവാനിയെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, ആരാധനാലയത്തെച്ചൊല്ലി പ്രകോപനപരമായ പ്രസ്താവനകൾ നടത്തി, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നേരത്തേ അറസ്റ്റ് രേഖപ്പെടുത്തിയത്. .