ഗവർണർ വേണ്ട; വൈസ് ചാൻസലർമാരുടെ നിയമന അധികാരം സർക്കാരിന്; നിയമനിർമാണത്തിന് സ്റ്റാലിൻ

single-img
25 April 2022

തമിഴ്നാട്ടിൽ ഗവർണർ സർക്കാർ പോര്മുറുകുകയാണ്. സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്ന നിയമനിർമാണത്തിന് മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു.

ഗവർണർ ആർ എൻ രവി വിളിച്ച തമിഴ്‌നാട്ടിലെ വൈസ് ചാൻസലർമാരുടെ ദ്വിദിന സമ്മേളനം ഊട്ടിയിൽ നടക്കുന്നതിനിടെയാണ് സർക്കാരിന്റെ ഈ നീക്കം. തമിഴ്‌നാട് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ.പൊൻമുടിയാണ് വൈസ് ചാൻസലർ നിയമനാധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചത്.

ഇപ്പോൾ ഗവർണറാണ് വൈസ് ചാൻസലർ നിയമനത്തിൽ തീരുമാനമെടുക്കുന്നത്. ഇത് പ്രായോഗികമായി വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണർമാരെ നീക്കണമെന്ന് ശുപാർശ ചെയ്യുന്ന മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ പുഞ്ചി കമ്മീഷന്റെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടും സ്റ്റാലിൻ ഉദ്ധരിച്ചു. ഗവർണർ ഊട്ടിയിൽ വിളിച്ചുചേർത്ത കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ സമ്മേളനം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കം. ഡിഎംകെയും ബിജെപിയും ബില്ലിനെ എതിർത്തു. അതേസമയം, നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നതടക്കം സംസ്ഥാന സർക്കാർ പാസാക്കിയ പത്ത് ബില്ലുകളെങ്കിലും ഗവർണർ രാഷ്ട്രപതിക്ക് അയക്കാത്തതിനാൽ രാജ്ഭവനിൽ കെട്ടിക്കിടപ്പുണ്ട്