2047 ആകുമ്പോൾ ഇന്ത്യയെ ലോകത്തെ ഒന്നാം സ്ഥാനത്തുള്ള രാജ്യമാക്കി മാറ്റുകയാണ് പ്രധാനമന്ത്രിയുടെ ലക്‌ഷ്യം: അമിത് ഷാ

single-img
23 April 2022

ഇന്ത്യയെ ലോകരാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ ജഗദിഷ്പുരിൽ ബിജെപി സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2047 ആകുമ്പോഴേക്കും ലോകത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാക്കുകയാണ് മോദി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അമിത് ഷായുടെ ഈ പ്രസ്താവന. രാജ്യമാകെ കേന്ദ്ര സർക്കാർ കോവിഡ് മഹാമാരി സമയത്ത് പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകിയതും വാക്‌സിൻ സൗജന്യമായി നൽകിയതുമടക്കമുള്ള കാര്യങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു.

തന്റെ പ്രസംഗത്തിനിടെ ആർജെഡിക്കെതിരെയും അമിത് ഷാ വിമർശനമുന്നയിച്ചു. ലാലു പ്രസാദ് യാദവിന്റെ ചിത്രങ്ങൾ പോസ്റ്ററുകളിൽ നിന്ന് ഒഴിവാക്കിയാലും അദ്ദേഹം ബിഹാർ സംസ്ഥാനത്ത് നടപ്പാക്കിയ കാടത്തം നിറഞ്ഞ പരിഷ്‌കാരങ്ങളുടെ ഓർമകളെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നു അമിത് ഷാ വ്യക്തമാക്കി.

ചടങ്ങിൽ 77,000 ബിജെപി പ്രവർത്തകർ അഞ്ച് മിനിറ്റ് നേരം ദേശീയ പതാക വീശുകയുണ്ടായി . ഇതൊരു റെക്കോർഡാണ്. ഇതിലൂടെ ബിജെപി പാകിസ്ഥാനിലെ ലാഹോറിൽ 56,000 പേർ ഒരേസമയം പാക് പതാക വീശിയ റെക്കോർഡാണ് മറികടന്നത്.