ഗോഡ്സെയെ മഹത്വപ്പെടുത്തുന്ന ബിജെപി ഇന്ത്യയിൽ എത്തുന്ന വിദേശ പ്രമുഖരെ സബര്‍മതി ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു: ശിവസേന

single-img
23 April 2022

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഗുജറാത്തിൽ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത് ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. ഗോഡ്സെയെ മഹത്വപ്പെടുത്തുന്ന ബിജെപി ഇന്ത്യ സന്ദർശിക്കുന്ന വിദേശ പ്രമുഖരെ സബര്‍മതി ആശ്രമത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതി.

‘ബിജെപി നാഥുറാം ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നത് അതിശയകരമാണ്, പക്ഷെ അവർ വിദേശ അതിഥികള്‍ വരുമ്പോള്‍ അവരെ നൂല്‍ നെയ്യാന്‍ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു,’ ശിവസേന എഴുതുന്നു.

‘പ്രധാനമന്ത്രി ഗുജറാത്തില്‍ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെ മഹത്തായ പ്രതിമ നിര്‍മിച്ചിട്ടും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെയും മറ്റ് അതിഥികളെയും അവിടേക്ക് കൊണ്ടുപോകുന്നില്ല, കാരണം മഹാത്മാ ഗാന്ധി ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യക്തിത്വമായി ഇപ്പോഴും തുടരുന്നു,’ സാമ്ന എഡിറ്റോറിയളിൽ പറയുന്നു.

ഈ വാരത്തിൽ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറൽ ആകുകയുണ്ടായി.