ഐ വി ശശി ചിത്രത്തിലൂടെ തുടക്കം; അവസാന തിരക്കഥ 2020 ല്‍; അവസാനിച്ചത് ജോണ്‍ പോള്‍ എന്ന ഒരു യുഗം

single-img
23 April 2022

മലയാള സിനിമയുടെ ഒരു യുഗത്തിന്റെ അവസാനമാണ് തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ (29 ഓക്ടോബര്‍ 1950 – 23 ഏപ്രില്‍ 2022) വിടവാങ്ങല്‍. വിവിധ കാലങ്ങളിലെ നിരവധിയായ തലമുറകളെ സ്വാധീനിച്ച നൂറോളം ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.

ആദ്യ കാലഘട്ടത്തിൽ ഭരതനും മോഹനനും ഐ വി ശശിയും സേതുമാധവും ജോഷിയും അടക്കമുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുള്ള തിരക്കഥാകൃത്ത് കൂടിയാണ് ജോൺ പോൾ. ഐ വി ശശി സംവിധാനം ചെയ്ത ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമയിലേക്കുളള വരവ്.

പിന്നാലെ 1980 ല്‍ ഭരതന്‍റെ സംവിധാനത്തിലിറങ്ങിയ ചാമരം എന്ന ചിത്രത്തിന് തിരക്കഥയെഴുതി. ചാമരത്തിന്‍റെ വാണിജ്യ വിജയത്തെ തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള ഒരു തിരക്കഥാകൃത്തായി ജോണ്‍ പോള്‍ പെട്ടെന്ന് തന്ന വളര്‍ന്നു. 1981 ല്‍ ജോണ്‍ പോളിന്‍റെ തൂലികയില്‍ എഴുതപ്പെട്ട എട്ട് തിരക്കഥകളാണ് സിനിമയായത്. പിന്നീടങ്ങോട്ട് തുടർച്ചയായി 1997 വരെ നൂറ് കണക്കിന് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ തൂലികയില്‍ മലയാളികൾക്ക് വിരുന്നായത്.

ഇവയിലാവട്ടെ ഭൂരിഭാഗം സിനിമകളും സാമ്പത്തിക വിജയവുമായിരുന്നു. 1990 കള്‍ക്ക് ശേഷമാണ് ജോണ്‍ പോള്‍ മലയാള സിനിമ വ്യവസായത്തില്‍ നിന്നും ഒന്ന് വിട്ടു നില്‍ക്കുന്നത്. 1997 ല്‍ മഞ്ജീര ധ്വനിക്ക് വേണ്ടി തിരക്കഥയെഴുതിയ ജോണ്‍ പോള്‍ പിന്നീട് ഒരു രചന നടത്തുന്നത് 2009 ലാണ്. അന്ന് ഐ വി ശശിക്ക് വേണ്ടി അദ്ദേഹം വെള്ളത്തൂവല്‍ എന്ന സിനിമയുടെ തിരക്കഥ എഴുതി. അതേ വര്‍ഷം തന്നെ നമ്മള്‍ തമ്മില്‍ എന്ന വിജി തമ്പിയുടെ സിനിമയ്ക്കും അദ്ദേഹം രചയിതാവായി.

അതിനു ശേഷം പത്ത് വര്‍ഷത്തോളം നീണ്ട നിശബ്ദതയ്ക്ക് ശേഷം 2019 ലാണ് അദ്ദേഹം വീണ്ടും സിനിമാ വ്യവസായത്തിലേക്ക് കടന്നു വരുന്നത്. കമലിന് വേണ്ടി പ്രണയമീനുകളുടെ കടല്‍ എന്ന വിനായകന്‍ നായകനായ സിനിമയ്ക്കും അദ്ദേഹം തിരക്കഥയെഴുതി. ഒടുവിൽ 2020 ല്‍ തിരക്കഥ പൂര്‍ത്തിയാക്കിയ രാജു ഏബ്രഹാമിന്‍റെ ട്രീസ ഹാഡ് എ ഡ്രീമാണ് അദ്ദേഹം പൂര്‍ത്തിയാക്കിയ അവസാന തിരക്കഥ.