കെ സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പില്‍ മാത്രം 12 ലക്ഷം നഷ്ടം; യഥാര്‍ത്ഥ നഷ്ടം 50 ലക്ഷം: വിടി ബൽറാം

single-img
22 April 2022

കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകളുടെ വരുമാനവുമായി ബന്ധപ്പെട്ട് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. സർവീസ് ആരംഭിച്ച ശേഷം 10 ദിവസം കൊണ്ട് സ്വിഫ്റ്റ് 61 ലക്ഷം വരുമാനം ഉണ്ടാക്കി എന്ന വാർത്ത തെറ്റാണ് എന്ന് അദ്ദേഹം പറയുന്നു.

കെ സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പില്‍ മാത്രം 12 ലക്ഷം നഷ്ടമുണ്ട്, യഥാര്‍ത്ഥ നഷ്ടം 50 ലക്ഷമാണെന്നും കണക്കുകൾ വിലയിരുത്തി വിടി ബൽറാം എഴുതുന്നു. സ്വിഫ്റ്റ് ബസുകൾ നിരന്തരം അപകടമുണ്ടാക്കിയപ്പോൾ വിമർശിച്ചിരുന്ന മാധ്യമങ്ങൾ ഇപ്പോൾ പോസിറ്റീവ് വാർത്തകൾ കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ബൽറാം വിമർശിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സുകളുടെ ആദ്യ ദിവസങ്ങളിലെ അപകട വാർത്തകളേത്തുടർന്ന് മാധ്യമങ്ങൾക്കെതിരെയും പ്രത്യേകിച്ചും ചില വനിതാ മാധ്യമ പ്രവർത്തകർക്കെതിരെയും വളരെ രൂക്ഷമായ രീതിയിൽ സിപിഎമ്മുകാർ സൈബറാക്രമണം അഴിച്ചുവിട്ടിരുന്നു. അതിൽ ഭയന്നിട്ടാണോ എന്നറിയില്ല, ഇപ്പോൾ ഒന്നു രണ്ട് ദിവസമായി സ്വിഫ്റ്റ്‌ വാഴ്ത്തുകളാണ് എല്ലാ മാധ്യമങ്ങളിലും. ആദ്യ വാർത്തകൾ ഏകപക്ഷീയമായ നെഗറ്റീവ് സ്വഭാവത്തിന്റെ പേരിലാണ് ശ്രദ്ധേയമായിരുന്നതെങ്കിൽ ഇപ്പോൾ പോസിറ്റിവിറ്റി കുത്തിനിറക്കാനുള്ള ഏകപക്ഷീയ പിആർ പ്രചരണമായി സ്വിഫ്റ്റ് വാർത്തകൾ മാറുകയാണ്.

ഈ വാർത്തകൾ തന്നെ നോക്കൂ, 10 ദിവസം കൊണ്ട് സ്വിഫ്റ്റ് “61 ലക്ഷം വരുമാനം” ഉണ്ടാക്കി എന്നാണ് വാർത്ത. കേൾക്കുമ്പോൾ നമുക്കെല്ലാം സന്തോഷം തോന്നും. എന്നാൽ ഉള്ളിലേക്ക് കടന്നാലാണ് ഈ 61 ലക്ഷം എന്നത് ലാഭമല്ല, കേവലം ടിക്കറ്റ് കളക്ഷനാണ് എന്ന് മനസ്സിലാവുന്നത്. അപ്പോൾ ചെലവെത്രയാണ്? മൊത്തത്തിൽ ഈ പരിപാടി ലാഭമോ നഷ്ടമോ? അതിനേക്കുറിച്ചൊന്നും വാർത്തകളിൽ യാതൊരു സൂചനയുമില്ല. മാധ്യമങ്ങൾ എല്ലാ വശങ്ങളും ഉൾപ്പെടുത്തികൊണ്ടുള്ള വാർത്തകൾ നൽകുന്നതിന് പകരം പിആർ ഏജൻസികളായി മാറിയാലുണ്ടാവുന്ന അവസ്ഥ ഇതാണ്.

ലഭ്യമായ കണക്കുകളും അനുമാനങ്ങളും വെച്ച് നമുക്ക് സ്വിഫ്റ്റിന്റെ പ്രവർത്തനത്തെ ഒന്ന് വിലയിരുത്തി നോക്കാം. വാർത്തയിൽ പറഞ്ഞ പോലെ ഇതുവരെയുള്ള ഗ്രോസ് കളക്ഷൻ 61 ലക്ഷം രൂപ. 30 ബസ്സുകളുണ്ടെന്ന് കാണുന്നു. ഇവ ആകെ ഓടി പൂർത്തിയാക്കിയത് 1,26,818 കിലോമീറ്ററാണ് എന്നും വാർത്തയിലുണ്ട്. അതായത് കിലോമീറ്ററിന് ശരാശരി 48 രൂപയാണ് സ്വിഫ്റ്റിന്റെ കളക്ഷൻ.


ഇനി വാർത്തയിൽ പറയാത്ത ചെലവിന്റെ കണക്കുകൾ ഒന്ന് അനുമാനിക്കാം. ഇത്തരം ബസുകൾക്ക് 4km ൽ താഴെ മാത്രമേ മൈലേജ് ലഭിക്കാൻ സാധ്യതയുള്ളൂ. എസി ഒക്കെ ഉണ്ടെങ്കിൽ മൈലേജ് പിന്നെയും കുറയും. 1,26,818 കിലോമീറ്റർ ഓടാൻ ഏതാണ്ട് 32,000 ലിറ്റർ ഡീസൽ ഇതിനോടകം ഉപയോഗിച്ചിട്ടുണ്ടാവും. ലിറ്ററിന് 103 രൂപ കണക്കാക്കിയാൽ ഏതാണ്ട് 33 ലക്ഷം രൂപ ഡീസലിന് മാത്രം ഇതുവരെ ചെലവ് വന്നിട്ടുണ്ട് എന്നു കാണാം.

ഇനി ജീവനക്കാരുടെ ശമ്പളച്ചെലവ്. ഒരു ബസിന് ശരാശരി 15 ജീവനക്കാർ കെഎസ്ആർടിസിയിലുണ്ട് എന്നാണ് കണക്ക്. വേണ്ട, 10 ജീവനക്കാർ എന്ന് കണക്ക് വക്കാം. അപ്പോൾ 30 സ്വിഫ്റ്റ് ബസിനായി 300 ജീവനക്കാർ. ഇവർക്ക് ഒരു മാസത്തെ ശരാശരി ശമ്പളം 40,000 രൂപയായി കണക്കാക്കാം. (യഥാർത്ഥത്തിൽ പലരുടേയും ശമ്പളം ഇതിന്റെ ഇരട്ടിയിലധികമാണ്). അതായത് 300 പേർക്ക് 40,000 വെച്ച് ഒരു മാസത്തെ ശമ്പളം 120 ലക്ഷം. പത്ത് ദിവസത്തെ ശമ്പളം അതിന്റെ മൂന്നിലൊന്നായ 40 ലക്ഷം.

വണ്ടികളുടെ തേയ്മാനവും ടാക്സ്, ഇൻഷുറൻസ് ഒന്നും പരിഗണിക്കാതെ കേവലം ഡീസൽ, ശമ്പളച്ചെലവ് പരിഗണിച്ചാൽത്തന്നെ 10 ദിവസം കൊണ്ട് 33+40= 73 ലക്ഷം ചെലവ് സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പിനായി വന്നിട്ടുണ്ടാകും. കാണാച്ചെലവുകൾ എല്ലാം പരിഗണിച്ചാൽ ഇത് ഒരു കോടിക്ക് മുകളിലേക്ക് പോകും. വണ്ടി വാങ്ങിയ ഇനത്തിലെ കടബാധ്യതയും അതിന്റെ പലിശച്ചെലവും ഇവിടെ പരിഗണിച്ചിട്ടില്ല.

അതായത് 10 ദിവസത്തെ കേവലം ഓപ്പറേറ്റിംഗ് നഷ്ടം മാത്രം 12 ലക്ഷത്തോളം വരും, യഥാർത്ഥ നഷ്ടം 50 ലക്ഷത്തോളവും. സ്വിഫ്റ്റ് ബസ് സർവ്വീസ് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്ക് പ്രയോജനകരം തന്നെയാണ്, സംശയമില്ല. അതുകൊണ്ടുതന്നെ കെഎസ്ആർടിസി കൂടുതൽ ഇത്തരം സർവ്വീസുകൾ ആരംഭിക്കട്ടെ. പക്ഷേ, പകുതി കണക്കുകളും അർദ്ധസത്യങ്ങളും മാത്രം പറഞ്ഞ് തെറ്റായ പൊതുബോധം സൃഷ്ടിക്കുന്നത് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ചേർന്നതല്ല, ആ കണക്കുകൾ തൊണ്ടതൊടാതെ വിഴുങ്ങുന്നത് നല്ല മാധ്യമ പ്രവർത്തനവുമല്ല.